നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ പോര് ശക്തം. മുന്‍ ഭരണസമിതിയുടെ കാലത്ത് കരാറില്‍ ഒപ്പിട്ട പദ്ധതികള്‍ യുഡിഎഫ് ഭരണസമിതി ഒഴിവാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വരികയായിരുന്നു. 29 കോടി രൂപയുടെ ബാധ്യത വരുത്തിയ കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമിതിയുടെ കഴിവുകേടാണ് പല പദ്ധതികളും ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന് നഗരസഭാ ചെയര്‍ പേഴ്സണ്‍ പത്മിനി ഗോപിനാഥ് തുറന്നടിച്ചു.
മയ്യംന്താനി ഗ്രൗണ്ടിലെ സ്റ്റേഡിയം നിര്‍മാണം, നിലമ്പൂര്‍ ടൗണില്‍ ഇഎംഎസ് സ്ക്വയര്‍ സ്ഥാപിക്കല്‍, മുതുകാട് ഭിന്നശേഷി പാര്ക്കിന് ഡിപിആര്‍ തയാറാക്കല്‍ എന്നിവ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ അംഗങ്ങളായ പി.എം.ബഷീര്‍, അരുണ്‍ ദാസ് എന്നിവര്‍ ആരോപിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കരാര്‍ ഒപ്പിട്ട് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ച പദ്ധതികളാണ് ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി ബോര്‍ഡ് യോഗത്തില്‍ വിയോജനകുറുപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതിപക്ഷ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. 29 കോടി രൂപയുടെ കടബാധ്യത വച്ചാണ് കഴിഞ്ഞ ഭരണ സമിതി ഇറങ്ങിപ്പോയത്. 12 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കത്തതിനാല്‍ 12 കോടിയോളം സ്പില്‍ ഓവറായി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര പ്രാധാന്യമുള്ള പദ്ധതികള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. ഈ ഭരണസമിതി സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിന് ഒരു പ്രവൃത്തിയും നല്‍കില്ല. ഇ-ടെന്‍ഡറിലൂടെയാകും കരാറുകാരെ കണ്ടെത്തുക. ഒരു അഴിമതിയും ഈ ഭരണസമിതി അനുവദിക്കില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും നിലമ്പൂര്‍ നഗരസഭയില്‍ പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.